GET HELP - if in immediate danger, call 000

Menu

പുരുഷന്‍മാരുടെപെരുമാറ്റ രീതികൾ മാറ്റുന്നതിനുള്ളസഹായം

നിങ്ങളുടെ  പെരുമാറ്റത്തിൽ മാറ്റം ആവശ്യമാണ്  എന്ന് സമ്മതിക്കാൻ ഏറെ ധൈര്യം വേണം.

ഏറ്റവും മികച്ച പുരുഷന്‍, പങ്കാളി, പിതാവ്,  അല്ലെങ്കിൽ കുടുംബാംഗം ആയി മാറുന്നതിന്  നിങ്ങള്‍ക്ക് എന്തെല്ലാം സഹായം ലഭിക്കും എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. 

 നിങ്ങൾ സ്വയം ചോദിക്കുക:

  • കുടുംബത്തിലെ ആരോടെങ്കിലും എപ്പോഴെങ്കിലും ആക്രോശിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്തിട്ടുണ്ടോ?
  • കുടുംബാംഗത്തെ എപ്പോഴെങ്കിലും അടിക്കുകയോ, ഇടിക്കുകയോ, ചവിട്ടുകയോ, പിടിച്ചുതള്ളുകയോ, ഉന്തിമാറ്റുകയോ ചെയ്തിട്ടുണ്ടോ?  അല്ലെങ്കിൽ അങ്ങനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോ?
  • കുടുംബാംഗങ്ങളെ എപ്പോഴെങ്കിലും മോശമോ നികൃഷ്ടമോ ആയ പേരുകളിൽ അധിക്ഷേപിച്ചിട്ടുണ്ടോ? അവരെ പതിവായി കുറ്റപ്പെടുത്താറുണ്ടോ?      
  • സ്വന്തം ആവശ്യങ്ങള്‍ക്കായി പണം ചെലാവക്കുന്നതില്‍ നിന്ന്‌ എപ്പോഴെങ്കിലും പങ്കാളിയെ തടഞ്ഞിട്ടുണ്ടോ?
  • എപ്പോഴെങ്കിലും ഒരു കുടുംബാംഗത്തെ പേടിപ്പിച്ചിട്ടുണ്ടോ?
  • കുടുംബാംഗങ്ങള്‍ക്ക് നേരേയോ, അവരുടെ മുന്നില്‍ വച്ചോ, ഗ്ലാസോ, കസേരയോ, ടിവി റിമോട്ടോ പോലുള്ളവ വലിച്ചെറിഞ്ഞിട്ടുണ്ടോ?
  • താല്‍പര്യമില്ലാത്ത ലൈംഗികകൃത്യങ്ങള്‍ക്കായി പങ്കാളിയെ എപ്പോഴെങ്കിലും നിര്‍ബന്ധിച്ചിട്ടുണ്ടോ?
  • പങ്കാളിക്ക് താല്‍പര്യമുള്ള  കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് എപ്പോഴെങ്കിലും അവരെ തടയാൻ ശ്രമിച്ചിട്ടുണ്ടോ? (ഉദാഹരണത്തിന്  സുഹൃത്തുക്കളുമായി പുറത്തു പോകുന്നതോ, ജോലി ചെയ്യുന്നതോ, പഠിക്കുന്നതോ പോലുള്ളവ)
  • പങ്കാളിയുടെ LGBTIQA+ സ്വത്വം പുറത്തു പറയുമെന്ന് എപ്പോഴെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ?

മുകളിലെ ഏതെങ്കിലും ചോദ്യത്തിന് അതേഎന്നാണ് ഉത്തരമെങ്കില്‍, ഞങ്ങളുടെ സേവനങ്ങൾ നിങ്ങള്‍ക്ക് സഹായകരമാകും.

പുരുഷന്‍മാര്‍ക്കുള്ള റഫറൽ സഹായം1300 766 491

വര്‍ഷത്തില്‍ 365 ദിവസവും, 24 മണിക്കൂറും ഭ്യം.

പെരുമാറ്റ രീതികള്‍ മാറ്റാനും, കുട്ടികളെ നോക്കാനും, മദ്യത്തിൽ  നിന്നും മയക്കുമരുന്നിൽ നിന്നും മോചനം നേടാനും, ആരോഗ്യ പരിചരണത്തിനും, താമസ സ്ഥലം കണ്ടെത്താനുമെല്ലാം, നിങ്ങളുടെ സമീപ പ്രദേശങ്ങളിൽ ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും കൗണ്‍സലിംഗും ലഭ്യമാക്കുന്ന സേവനമാണ് മെൻസ് റഫറൽ സർവീസ് (MRS)

വര്‍ഷത്തിൽ എല്ലാദിവസവും, 24 മണിക്കൂറും സേവനം ലഭ്യമാണ് – അതായത്, നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഈ സഹായം ലഭിക്കും.

ആര്‍ക്കൊക്കെ  മെൻസ് റഫറല്‍ സർവീസ് സഹായം ലഭിക്കും?

  • മോശം പെരുമാറ്റമുള്ള പുരുഷന്‍മാർക്ക് പെരുമാറ്റ രീതികളിൽ മാറ്റം വരുത്താന്‍.
  • പുരുഷനിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വരുന്ന കുടുംബാംഗങ്ങള്‍ക്ക്.
  • ഗാര്‍ഹിക പീഡനമോ, കുടുംബ പീഡനമോ നേരിടുന്നവരുടെയും, അത്തരത്തിൽ അക്രമം നടത്തുന്നവരുടെയും സുഹൃത്തുക്കള്‍ക്കോ, കുടുംബത്തിനോ, സഹപ്രവര്‍ത്തകര്‍ക്കോ അവരെ സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ സേവനം പ്രയോജനപ്പെടുത്താം.
  • അക്രമം നടത്തുന്നവരെയും, നേരിടുന്നവരെയും സഹായിക്കുന്ന തൊഴിൽ മേഖലകളിലുള്ളവര്‍ക്ക്.

മെൻസ് റഫറല്‍ സർവീസിനെ ബന്ധപ്പെടുമ്പോള്‍:

  • നിങ്ങളുടെ വ്യക്തി വിവരങ്ങൾ രഹസ്യമായിരിക്കും.
  • ബഹുമാനത്തോടെ നിങ്ങളെ കേള്‍ക്കുകയും ഇടപെടുകയും ചെയ്യും.
  • പെരുമാറ്റ രീതികൾ മാറ്റുന്നതിന് നിങ്ങളെ സഹായിക്കുന്നതിനുള്ള പ്രാദേശിക സേവനങ്ങളെക്കുറിച്ചു നിങ്ങൾക്ക്  വിവരങ്ങള്‍ ലഭിക്കും.

സഹായം ലഭിക്കാന്‍ 1300 766 491 വിളിക്കുക. അല്ലെങ്കിൽ സൗജന്യ പരിഭാഷാ-വിവര്‍ത്തക സേവനമോ (TIS National), ഞങ്ങളുടെ വെബ് ചാറ്റോ    ഉപയോഗിച്ചും സഹായം തേടാം.

ബ്രീഫ് ഇന്റര്‍വെന്‍ഷൻ സർവീസ്.

പുരുഷന്‍മാരുടെ പെരുമാറ്റ രീതികൾ മാറ്റുന്നതിനുള്ള സഹായത്തിനായി കാത്തിരിക്കുമ്പോൾ നിങ്ങൾക്ക് ലഭ്യമായ ടെലിഫോൺ കൗൺസലിംഗ് സേവനമാണ് ബ്രീഫ് ഇന്റര്‍വെന്‍ഷൻ സർവീസ് (BIS). നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത്‌ മറ്റ് സേവനങ്ങള്‍  ലഭ്യമല്ലെങ്കിലും, നിങ്ങൾ  ഇംഗ്ലീഷ് സംസാരിക്കില്ലെങ്കിലും BIS സേവനം സഹായകരമാകും.

ടെലിഫോണിലൂടെ ഒന്നിലേറെ സെഷനുകളിലായി നടക്കുന്ന ഒരു ഹ്രസ്വകാല സേവനമാണ് ബ്രീഫ് ഇന്റര്‍വെന്‍ഷൻ സര്‍വീസ്. ഇതിലൂടെ ലഭിക്കുന്ന സഹായങ്ങൾ ഇവയാണ്:

  • നിങ്ങളുടെ പെരുമാറ്റ രീതിയിൽ പ്രശ്‌നമുണ്ടോ എന്ന് തിരിച്ചറിയാം.
  • നിങ്ങളുടെ പെരുമാറ്റ രീതികളുടെ ഉത്തരവാദിത്തം എങ്ങനെ സ്വയം ഏറ്റെടുക്കാം എന്ന് മനസിലാക്കാം.
  • സുരക്ഷിതവും, ആരോഗ്യകരവുമായ ബന്ധങ്ങൾ രൂപീകരിക്കാനും, സുരക്ഷിത കുടുംബങ്ങൾ കെട്ടിപ്പടുക്കാനുമുള്ള മാര്‍ഗ്ഗങ്ങൾ പഠിക്കാം.

ബ്രീഫ് ഇന്റര്‍വെന്‍ഷൻ  സര്‍വീസ് ലഭ്യമാകണമെങ്കിൽ നിങ്ങൾ ആദ്യം മെൻസ് റഫറല്‍ സർവീസിനെ 1300 766 491 എന്ന നമ്പരിൽ ബന്ധപ്പെടണം. ഒരു കൗണ്‍സലർ നിങ്ങളുടെ വിവരങ്ങൾ കേട്ടശേഷം ബ്രീഫ് ഇൻറര്‍വെന്‍ഷൻ  സര്‍വീസ് ലഭിക്കാൻ സഹായിക്കും.

അല്ലെങ്കിൽ സൗജന്യ പരിഭാഷാ-വിവര്‍ത്തക സേവനമോ (TIS National), ഞങ്ങളുടെ വെബ് ചാറ്റോ ഉപയോഗിച്ചും സഹായം തേടാം.

നിങ്ങളുടെ സ്വകാര്യത.

മെൻസ് റഫറല്‍ സർവീസും, ബ്രീഫ് ഇന്റര്‍വെന്‍ഷൻ സർവീസും കൈകാര്യം ചെയ്യുന്നത് No to Violence (NTV) ആണ്. ഉയര്‍ന്ന നിലവാരത്തിലുള്ള സേവനം നല്‍കാനും, സേവനം നേടുന്നവരുടെ അവകാശങ്ങൾ  സംരക്ഷിക്കാനും No to Violence പ്രതിജ്ഞാബദ്ധരാണ്.

1998-ലെ സ്വകാര്യതാനിയമം അനുസരിച്ച്, നിങ്ങളുടെ സ്വകാര്യവിവരങ്ങൾ എങ്ങനെയൊക്കെ ഉപയോഗിക്കും എന്ന വിവരം നിങ്ങളെ അറിയിക്കാന്‍ No to Violence ബാധ്യസ്ഥരാണ്. നിങ്ങളുടെയോ, മറ്റുള്ളവരുടെയോ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളപ്പോഴും, വിവരങ്ങൾ കൈമാറേണ്ട നിയമപരമായ ആവശ്യകതയുള്ളപ്പോഴും ഒഴികെ മറ്റെല്ലാ സാഹചര്യങ്ങളിലും നിങ്ങളുടെ വിവരങ്ങൾ രഹസ്യമായും, സ്വകാര്യമായും സൂക്ഷിക്കും. 

നിങ്ങളെ സഹായിക്കുന്നതിനായി സ്വകാര്യവിവരങ്ങൾ ഉപയോഗിക്കുന്നതിന് ഞങ്ങളെ ബന്ധപ്പെടുമ്പോൾ തന്നെ അനുവാദം ചോദിക്കും.  ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ പൊതുവായ വിവരങ്ങൾ ഗവേഷണത്തിനും, റിപ്പോര്‍ട്ടിംഗിനുമായി ഉപയോഗിക്കും – ഉദാഹരണത്തിന്, ഓരോ സംസ്ഥാനത്തുനിന്നും ടെറിട്ടറിയില്‍നിന്നും എത്രപേർ വിളിക്കുന്നു എന്നതുപോലുള്ള വിവരങ്ങള്‍. നിങ്ങളുടെ ഫോണ്‍കോൾ റെക്കോര്‍ഡ്ചെയ്യും. ഈ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും, പരിശീലനത്തിനായും ഉപയോഗിച്ചേക്കാം.

നിങ്ങളുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചു കൂടുതലറിയാനും, ഞങ്ങളുടെ സ്വകാര്യതാനയം വായിക്കാനും https://ntv.org.au/about-us/privacy/ സന്ദര്‍ശിക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുന്നതും, പരാതി നല്‍കുന്നതും എങ്ങനെയെന്നും മനസിലാക്കാം.

പരിഭാഷകരുടെ സേവനം എങ്ങനെ ലഭിക്കും (TIS National)

ഇംഗ്ലീഷ് സംസാരിക്കാത്തവർക്ക്  മെൻസ് റഫറല്‍ സർവീസുമായി ബന്ധപ്പെടുന്നതിന് ട്രാന്‍സ്ലേറ്റിംഗ് ആന്റ് ഇന്റര്‍പ്രെട്ടിംഗ് സർവീസില്‍(TIS National) നിന്ന് സൗജന്യമായി സഹായം ലഭിക്കും.  

TIS ദേശീയ സേവനം ഉപയോഗിക്കാന്‍:

  • നിങ്ങളുടെ ഫോണില്‍നിന്ന് 131 450 വിളിക്കുക.
  • ഓപ്പറേറ്ററോട്  നിങ്ങള്‍ക്ക് ആവശ്യമുള്ള ഭാഷ പറയുക.
  • ഏത് ലിംഗത്തിലുള്ള പരിഭാഷകരെ വേണമെന്നും നിങ്ങള്‍ക്ക് ആവശ്യപ്പെടാം (ലഭ്യതയ്ക്കനുസരിച്ച്)

നിങ്ങളുടെ ഭാഷ സംസാരിക്കുന്ന പരിഭാഷകരുമായി ഓപ്പറേറ്റർ നിങ്ങളെ കണക്ട്  ചെയ്യും. അവർ മുഖേന മെൻസ് റഫറല്‍ സർവീസുമായി സംസാരിക്കാം.

നിങ്ങളുടെ സംഭാഷണം 30 മിനിട്ടിൽ കൂടുതലുണ്ടാകുമെന്ന് തോന്നുകയാണെങ്കിൽ പരിഭാഷകരെ അറിയിക്കുക. അവർക്ക് കൂടുതൽ സമയം ബുക്ക് ചെയ്യാന്‍ കഴിയും.   

വെബ്ചാറ്റ്​ 

ഓണ്‍ലൈൻ ഫോം മുഖേന കൗണ്‍സലറുമായി സംസാരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ Men’s Referral Service webchat ഉപയോഗിക്കാം.

ലിങ്കില്‍, ക്ലിക്ക് ചെയ്യുമ്പോൾ വെബ്ചാറ്റ് ഫോം തുറക്കും. 

ശ്രദ്ധിക്കുക: വെബ് ചാറ്റ്‌ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിയാമെങ്കില്‍, നിങ്ങള്‍ക്ക് ഇത് നല്ലൊരു മാര്‍ഗ്ഗമായിരിക്കാം.  

പരിഭാഷപ്പെടുത്തിയ ഈ വെബ്​ പേജും, ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന സേവനങ്ങളും ഓസ്​ട്രേലിയൻ സർക്കാരിൻറെ സാമൂഹ്യസേവന വകുപ്പ് ഫണ്ട് ചെയ്യുന്നതാണ്.